02:06am 01 September 2026
NEWS
കെ.എം.സി.സിയിൽ ഫണ്ട് വിവാദവും അച്ചടക്ക നടപടിയും: ചോദ്യം ചെയ്ത പ്രവർത്തകർ പുറത്ത്; നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുന്നു
31/08/2026  03:38 PM IST
nila
കെ.എം.സി.സിയിൽ ഫണ്ട് വിവാദവും അച്ചടക്ക നടപടിയും: ചോദ്യം ചെയ്ത പ്രവർത്തകർ പുറത്ത്; നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുന്നു

ദോഹ: ഖത്തർ കെ.എം.സി.സി ഓഫിസ് ഫണ്ടുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ നിലപാടുകളിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെചോദ്യമുയർത്തുകയും ചെയ്ത രണ്ട് സജീവ പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ അണികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. പയ്യോളി മുനിസിപ്പാലിറ്റി കമ്മിറ്റി അംഗം ഗഫൂർ പാറക്കണ്ടി, തിക്കോടി പഞ്ചായത്ത് കമ്മിറ്റി അംഗം നാസിഫ് മില്ലത്ത് എന്നിവർക്കെതിരെയാണ് നടപടി.
​ഇരുവരെയും മുസ്ലിം ലീഗിന്റെയും കെ.എം.സി.സി ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സംസ്ഥാന മുസ്ലിം ലീഗ് ഓഫീസാണ് അറിയിച്ചത്.
​ഒരു വർഷം മുമ്പ് ഖത്തർ കെ.എം.സി.സിയുടെ സാമ്പത്തിക സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതരമായ ഫണ്ട് ക്രമക്കേട് ആരോപണങ്ങളിൽ വ്യക്തമായ വിശദീകരണം നൽകാനോ സമഗ്രമായ അന്വേഷണം നടത്താനോ നേതൃത്വം തയ്യാറായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വിഷയം പരിഹരിക്കാമെന്ന് നേതാക്കൾ ഉറപ്പുനൽകിയിരുന്നെങ്കിലും, ഭരണം ലഭിച്ചിട്ടും സാമ്പത്തിക സുതാര്യത ഉറപ്പുവരുത്താൻ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ജൂലൈയിൽ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടതാണ് പെട്ടെന്നുള്ള അച്ചടക്ക നടപടിക്ക് കാരണമെന്ന് ആരോപിക്കപ്പെടുന്നു.
​അതേസമയം, സംഘടനയുടെ പ്രാഥമിക ചട്ടങ്ങളോ ജനാധിപത്യപരമായ നടപടിക്രമങ്ങളോ പാലിക്കാതെയാണ് തങ്ങളെ പുറത്താക്കിയതെന്ന് നാസിഫ് മില്ലത്ത് വ്യക്തമാക്കി. വിഷയത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകാനോ വിശദീകരണം ചോദിക്കാനോ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് സസ്പെൻഷൻ വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക, മണ്ഡലം ഭാരവാഹികളെ പോലും ഇരുട്ടിൽ നിർത്തിക്കൊണ്ട് അപകീർത്തികരമായി എടുത്ത നടപടിയിൽ വരുംദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉയർന്നേക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img